Hero Image

കടുത്ത മഴ; കേരളത്തിൽ നിന്ന് ദുബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. കനത്ത മഴ മൂലം ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുട അടിസ്ഥാനത്തിൽ ഖത്മ് അൽ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തിട്ടുള്ളത്.

ദുബൈയിൽ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടർന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താൻ, സൗദി, ബ്രിട്ടൻ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങളാണ് സർവീസ് റദ്ദുചെയ്തത്. ബുധനാഴ്ച രാവിലെ 10 മണിമുതൽ ദുബൈയിൽ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയിൽ ദുബായ് അബുദാബി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ആകെ മരണം 18 ആയി. അതിൽ പത്തുപേർ ഒമാനിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

READ ON APP